ഹരിപ്പാട്: ലഹരിയുടെ ക്രൂരത കവർന്നെടുത്ത മകളുടെ ഓർമകൾ ഇനി നാടിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് അഗ്നിയാകും. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ലഹരിക്ക് അടിമയായ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പിതാവ് കെ.ജി. മോഹൻദാസ് ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കാളിയാകുന്നു.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച "ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' കാമ്പെയിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഹരിപ്പാട്ട് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തെ തൂഫാൻ വാരിയർ ബാഡ്ജ് അണിയിച്ചു.
മകളെ നഷ്ടപ്പെട്ട പിതാവെന്ന നിലയിൽ, ലഹരി സൃഷ്ടിക്കുന്ന ദുരന്തം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് പ്രാർഥനയെന്ന് മോഹൻദാസ് പറഞ്ഞു.